2009, നവംബർ 26, വ്യാഴാഴ്‌ച

നൊമ്പരം

ഏകാന്ത വീഥിയില്‍ കേള്‍ക്കുവാനാകുമീ-
യേകനാം ഭ്രാന്തന്റെ ഗദ്ഗദങ്ങള്‍...
നോവിന്റെ പാറകള്‍ തള്ളിക്കയറ്റുന്ന
പറയിതന്‍ ഓമന പുത്രനല്ല...
ഓമന പുത്രിയെ നഷ്ടമായ്പ്പോയൊരു
പാവമാം കല്‍പണിക്കാരനല്ലോ.. !

കൈകളില്‍ പൊന്നിന്‍ കുടത്തെ കൊടുത്തന്നു
പൊയ്കളഞ്ഞമ്മയോ ദൂരെ ദൂരെ....
കല്ലില്‍ കടഞ്ഞിട്ടൊരോര്‍മ്മകള്‍ നീറുമാ-
മാനസം സംഘര്‍ഷ പൂര്‍ണ്ണമായി
തന്‍കൈയ്യാം മെത്തയില്‍ നിദ്രപൂണ്ടോളവള്‍
പിച്ചവെച്ചെത്തിയാ ബാല്യകാലം
കൊച്ചരിപ്പല്ലുകള്‍ കാട്ടിച്ചിരിച്ചവള്‍
കൊഞ്ചിവന്നാ നെഞ്ചിലായമര്‍ന്നു

അക്ഷരംചൊല്ലിപടിക്കുവാനായതും
അച്ഛ്നെന്നുച്ചരിച്ചുച്ചത്തിലായ്‌..
ഉയരുന്നു കല്ലിന്റെ ചീളുകള്‍; താഴെയായ്‌-
കാണുന്നൊരദ്ധ്വാന ശീലനേയും
അച്ഛ്ന്‍ കൊടുത്തൊരാ പൊന്നിന്റെമാലയാ-
കുഞ്ഞിണ്റ്റെമാറിലായ്‌ മിന്നിയപ്പോള്‍
പൊന്നിന്‍ കുടത്തിനെ കണ്ണേറുകൊള്ളാതെ
കാക്കുവാനമ്മയോ കൂടെയില്ല.

അത്തം തുടങ്ങിയാപത്തുനാള്‍ മാരിവില്‍
പൂക്കളം തീര്‍ക്കുവാന്‍ പോയിരുന്നോള്‍
എത്തിയില്ലന്നൊരു നാളിലായ്‌ കൂടുകാ-
രെല്ലാരുമെത്തിയിട്ടെന്നാകിലും
തേടുവാനായിട്ടിറങ്ങിയോരച്ഛനും
കൂടെയാനാട്ടിന്‍ പുറത്തുകാരും
ദൂരെയൊരുകാട്ടിലായ്‌ മേട്ടിലൊരുപൂപോലെ
വാടിക്കരിഞ്ഞവള്‍ വീണുപോയി
കണ്ടില്ലപൊന്നിണ്റ്റെ മാലയാകുട്ടിതന്‍
നെഞ്ചിലായ്‌ കാണ്‍മതോ രക്തവര്‍ണ്ണം
അട്ടഹാസം പൂണ്ടൊരച്ഛണ്റ്റെ ഗദ്ഗദം
കാടിനെ മേടിനെ മൂകമാക്കി
ഇവിടെ ജനിച്ചതാണേകനാം ഭ്രാന്തനും
നഷ്ട്ബോധത്തിണ്റ്റെ ഗദ്ഗദവും...

ജാലകം